കെ.എം.ഷാജിയെ അയോഗ്യനാക്കണം; സുപ്രീംകോടതിയെ സമീപിച്ച് നികേഷ് കുമാർ

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി കെ.എം.ഷാജിക്കെതിരായി വിധിച്ച അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് എം.വി.നികേഷ് കുമാർ. സുപ്രീംകോടതിയിലാണ് നികേഷ് കുമാർ ഈ ആവശ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും, അയോഗ്യത വിഷയം നിലനിൽക്കുന്നുവെന്നും നികേഷ് കുമാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് അയോഗ്യത കേസ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.

2016-ലെ നിയമസഭാ തിരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്‌തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ നികേഷ് കുമാർ നൽകിയിരുന്ന കേസിലെ പ്രധാന ആരോപണം. കേസ് പരിഗണിച്ച ഹൈക്കോടതി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഷാജിയെ വിലക്കിയിരുന്നു. എന്നാൽ ഇത് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്.

എംഎൽഎ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങൾക്ക് അർഹതയില്ല തുടങ്ങിയ ഉപാധികൾ സുപ്രീം കോടതി മുന്നോട്ട് വച്ചിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഹർജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ എം ഷാജിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവിൽ പുറപ്പെടുവിച്ച അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനിൽക്കുകയാണെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകൻ പി വി ദിനേശ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആണ് ആദ്യമായി ഇടക്കാല ഉത്തരവിലൂടെ വോട്ടിങ്ങിനോ, ആനുകൂല്യങ്ങൾക്കോ അർഹതയില്ലാതെ ഹൈക്കോടതി അയോഗ്യത വിധിച്ചവർക്ക് സഭയിൽ പങ്കെടുക്കാൻ അനുമതി നൽകിയത് എന്നും ദിനേശ് വാദിച്ചു.

എന്നാൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് തങ്ങൾ അഭിപ്രായം പറയുന്നില്ലന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ വിശദമായി നാളെ വാദം കേൾക്കാമെന്ന് ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നികേഷ് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ പി വി ദിനേശ്, അഭിഭാഷക ആൻ മാത്യു എന്നിവരാണ് ഹാജർ ആയത്. കെ എം ഷാജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, അസർ അസീസ് എന്നിവരാണ് ഹാജരായത്‌.

English summary:Journalist and political figure M.V. Nikesh Kumar has approached the Supreme Court demanding the implementation of the Kerala High Court’s earlier verdict that disqualified K.M. Shaji in the Azhikode election case.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News