ന്യൂഡല്‍ഹി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ജലീലിനെതിരെ കേസെടുക്കാൻ ന്യൂഡല്‍ഹി റോസ് അവന്യൂ കോടതി നിർദേശം നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു.
സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാർഗ് പൊലീസിന് നിർദേശം നൽകിയത്.
മുൻമന്ത്രി എ.സി.മൊയ്തീൻ ഉൾപ്പെട്ട സംഘത്തിനൊപ്പം കാശ്‌മീർ സന്ദർശനം നടത്തുന്നതിനിടെ ജലീൽ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് വിവാദപരാമർശം.
അധിനിവേശ കാശ്‌മീർ ഉൾപ്പെടെ ജമ്മു കാശ്‌മീർ പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നാണ് ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട്. പാകിസ്ഥാൻ കൈയടക്കിയ ഭാഗത്തെ പാക് അധിനിവേശ കാശ്‌മീർ (പാക് ഒക്കുപ്പൈഡ് കാശ്‌മീർ – പി. ഒ.കെ ) എന്നാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. അതിനെ ആസാദ് കാശ്‌മീർ അഥവാ സ്വതന്ത്ര കാശ്‌മീർ എന്ന് വിളിക്കുന്നത് പാകിസ്ഥാനാണ്. അത് അവഗണിച്ച് കാശ്‌മീർ സ്വതന്ത്രപ്രദേശമാണെന്നും ആസാദ് കാശ്‌മീരിൽ പാകിസ്ഥാൻ പറയത്തക്ക അധിനിവേശമൊന്നും കാണിക്കുന്നില്ലെന്നും ധ്വനിപ്പിക്കുന്നതാണ് ജലീലിന്റെ പരാമർശങ്ങൾ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ ജനങ്ങൾ ദുഃഖിതരാണെന്നും ജലീൽ സൂചിപ്പിക്കുന്നു.