ചെന്നൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തലവെട്ടാൻ പണം വാഗ്ദാനം ചെയ്ത അയോദ്ധ്യയിലെ സന്യാസി പരമഹൻസ് ആചാര്യയ്ക്കെതിരേ കേസ്. ഡി.എം.കെ. നിയമവിഭാഗത്തിന്റെ പരാതിയിലാണ് നടപടി. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ.
സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് പരമഹംസ് ആചാര്യ പ്രഖ്യാപിച്ചിരുന്നത്.
സനാതന ധര്‍മം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് അതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇത് ബി.ജെ.പി. നേതാക്കൾക്കിടയിൽനിന്നുള്ള രൂക്ഷമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരുന്നു.