മുംബയ്: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹെെക്കോടതിയിൽ ഹർജി. നാല് നിയമവിദ്യാർത്ഥികളാണ് ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റിസുമാരായ ജി എസ് കുൽക്കർണി, നീലാ ഗോഖലെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും. ഒരു പ്രത്യേക വിഭാഗത്തിന്റെ മതപരമായ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നിലപാടിന് വിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി.
മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി, ഗവൺമെന്റ് ലോ കോളേജ് മുംബയ്, ഗുജറാത്ത് നിർമ്മ ലോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹർജി സമർപ്പിച്ചത്. ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരസ്യമായി ആഘോഷിക്കുകയും അതിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നത് മതേതര തത്വങ്ങൾക്കെതിരായ ആക്രമണമാണെന്നും ഹർജിയിൽ പറയുന്നു.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന സുപ്രിംകോടതിയുടെ മുൻകാല നിരീക്ഷണങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നെഗോഷിയബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ സെക്ഷൻ 25 പ്രകാരം അവധി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജി വ്യക്തമാക്കുന്നു. .
ജനുവരി 22ന് മദ്ധ്യപ്രദേശിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും മുഖ്യമന്ത്രി മോഹൻ യാദവ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മദ്യ-മാംസശാലകൾ അടച്ചുപൂട്ടാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡിലും അന്ന് പൊതു അവധിയാണ്.
എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെ കേന്ദ്രം അവധി പ്രഖ്യാപിച്ചിരുന്നു. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം കാണാനും പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളിൽ പങ്കെടുക്കാനുമാണ് അവധി. ഇതു സംബന്ധിച്ച നിർദ്ദേശം പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പാണ് പുറത്തിറക്കിയത്. ജനുവരി ഇരുപത്തിരണ്ടിന് ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.