NationalNews

അയോധ്യ വിമാനത്താവളം രാമന്റെ പേരില്‍,സർവീസ് നവംബറിൽ

ലഖ്നൗ: അയോധ്യ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും. ആഭ്യന്തര വിമാന സര്‍വീസുകളാണ് നവംബറില്‍ ആരംഭിക്കുക. ‘മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്നാണ് വിമാനത്താവളത്തിന് ഔദ്യോ​ഗികമായി പേര് നൽകിയത്.

വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ ആദ്യഘട്ടം ഒക്ടോബറോടെ പൂർത്തിയാകുമെന്ന് എയർപോർട്ട് ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. അയോധ്യ ക്ഷേത്രം നിർമാണം പൂർത്തിയാക്കി അടുത്ത വർഷം ഭക്തർക്കായി തുറന്നുകൊടുക്കുന്ന സമയം വിമാനത്താവളവും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണം 25 ശതമാനം പൂര്‍ത്തിയാക്കി. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും വിനോദ് കുമാർ പറഞ്ഞു. 2.2 കിലോമീറ്റർ റണ്‍വേയുടെ നിര്‍മാണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ റണ്‍വേയുടെ നീളം 3,125 മീറ്ററായും മൂന്നാം ഘട്ടത്തില്‍ 3,750 മീറ്ററായും ഉയർത്തും.

മൂന്നാം ഘട്ടം പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള അനുമതിക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ(ഡിജിസിഎ) സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠ 2024 ജനുവരി 14നും 24നും ഇടയിൽ നടക്കുമെന്ന് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചിരുന്നു. ജനുവരി 14നും 24നും ഇടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുന്ന ദിവസമായിരിക്കും പ്രതിഷ്ഠ നടക്കുക.

ജനുവരി 14 ന് പ്രാർത്ഥനകൾ ആരംഭിക്കും. അതിനുശേഷം, ജനുവരി 24നുള്ളിൽ പ്രധാനമന്ത്രി തീരുമാനിക്കുന്ന ദിവസം പ്രതിഷ്ഠ നടത്തും. അന്നേ ദിവസം ഇവിടെ ശ്രീരാമ വിഗ്രഹം സ്ഥാപിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button