തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കും. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ വ്യവസായം ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് കിറ്റെക്സ് എംഡി സാബു ജേക്കബ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.