ന്യൂഡൽഹി: രാജ്യത്ത് വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസകരമാകുന്ന വിധത്തിൽ ഇന്ധന വില കുറച്ചു. എണ്ണക്കമ്പനികളാണ് ഏവിയേഷൻ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചത്. വിമാന ഇന്ധനത്തിന് വില ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147.93 രൂപയായി.
ഇന്ത്യയിലെ വിമാനക്കമ്പനികൾക്ക് ആണ് ഈ വിലയിൽ ഇന്ധനം ലഭിക്കുക. ദില്ലിയിലെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147.95 രൂപയാണ്. അതേസമയം മുംബൈയിൽ 137095.74 രൂപയാണ് പുതിയ വില. ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഈ വർഷം വിമാന ഇന്ധന വില കുറയുന്നത്. 1,41,232.87 രൂപയായി നേരത്തെ വിമാന ഇന്ധനവില ഉയർന്നിരുന്നു. ഓരോ സംസ്ഥാനത്തെയും നികുതി നിരക്ക് അടിസ്ഥാനപ്പെടുത്തി വിമാന ഇന്ധനവില വ്യത്യാസപ്പെട്ടിരിക്കും.
ഓരോ മാസവും ഒന്നാമത്തെയും പതിനാറാമത്തെയും ദിവസവുമാണ് ഇന്ധന വിലയിൽ മാറ്റം വരാറുള്ളത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വിമാന ഇന്ധനവില മാറിയിരുന്നില്ല. എന്നാൽ ജൂൺ 16ന് വിമാന ഇന്ധനവില 16 ശതമാനത്തോളം ഉയർന്നിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ വിമാന ടിക്കറ്റിന് വില കുതിച്ചുയരാൻ ഇത് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് വിലയിൽ ഇപ്പോൾ നേരിയ കുറവ് ഉണ്ടാകുന്നത്. ഇത് വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാവുന്നുണ്ട്.