ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്

പാല: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ശനിയാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം.

ഓട്ടോ യാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേല്‍ ജിഷ്ണു(29) എന്നിവര്‍ക്കും. കാര്‍ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശികളായ രവി (59), ഉഷ (55), പെണ്ണമ്മ (65) എന്നിവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഓട്ടേയില്‍ ഉണ്ടായിരുന്നവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോയമ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോയിലിടിച്ചത്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തേക്ക് തെറിച്ചുപോയി. പിന്നാലെ ഓട്ടോ സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News