തിരുവനന്തപുരം: ഓട്ടോ ടാക്‌സി സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് പിന്‍വലിച്ചത്. എന്നാല്‍ പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബിഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിരക്ക് വര്‍ധന എന്ന പ്രധാന ആവശ്യം അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ തൊഴിലാളി യൂണിയനുകളെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ യോഗത്തില്‍ ധാരണയായി. ഒരു മാസത്തിനകം കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം നിരക്ക് വര്‍ധന തീരുമാനിക്കും.
നിരക്ക് കൂട്ടുക എന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഗതാഗതമന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. നിരക്ക് പരിഷ്‌കാരത്തിന് പുറമേ പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമത്തിലെ കാലപരിധി 20 വര്‍ഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.