ജീവിതപങ്കാളിയെ കണ്ടെത്തുന്നവർക്ക് 10,000 രൂപ പാരിതോഷികം; രണ്ടാം വിവാഹമാണെങ്കിലും സമ്മതം; ഓട്ടോയിൽ പരസ്യവുമായി ഡ്രൈവർ

'മനസ്സ് നോവിക്കില്ല, ആ പരിഗണന തിരിച്ചും വേണം'; ജീവിതപങ്കാളിയെ കണ്ടെത്തുന്നവർക്ക് 10,000 രൂപ പാരിതോഷികം; രണ്ടാം വിവാഹമാണെങ്കിലും സമ്മതം; ഓട്ടോയിൽ പരസ്യവുമായി ഡ്രൈവർ

കോഴിക്കോട്: വിവാഹം നീണ്ടുപോയതോടെ ജീവിതപങ്കാളിയെ തേടി പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷയെത്തന്നെ ഇതിനായി പരസ്യവേദിയാക്കിയാണ് ഇദ്ദേഹം നാടിനെ അമ്പരപ്പിക്കുന്നത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോയിലാണ് ‘വധുവിനെ ആവശ്യമുണ്ട്’ എന്ന വ്യത്യസ്തമായ നോട്ടീസ് പതിച്ചിരിക്കുന്നത്.

വെറുമൊരു നോട്ടീസല്ല ഇത്. തനിക്ക് അനുയോജ്യയായ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തിത്തരുന്നവർക്ക് പത്തായിരം രൂപ പാരിതോഷികം നൽകുമെന്ന വാഗ്ദാനവും നോട്ടീസിലുണ്ട്. 26 മുതൽ 37 വയസ്സ് വരെയുള്ള യുവതികളെയാണ് പങ്കാളിയായി തേടുന്നത്. മുൻപ് വിവാഹം കഴിഞ്ഞ് വേർപിരിഞ്ഞവരാണെങ്കിലും തനിക്ക് സമ്മതമാണെന്ന് ഈ ഡ്രൈവർ പറയുന്നു.

ഒരു പെൺകുട്ടിക്കൊപ്പം സമാധാനമായി കുടുംബജീവിതം നയിക്കുക എന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് ഇദ്ദേഹം നോട്ടീസിൽ വ്യക്തമാക്കുന്നു. “പങ്കാളിയുടെ മനസ്സ് ഒരിക്കലും നോവിക്കില്ല. തിരിച്ച് എനിക്കും അത്തരമൊരു പരിഗണന വേണം.” – നോട്ടീസിലെ വരികൾ ഇങ്ങനെ പോകുന്നു. ബന്ധപ്പെടാനുള്ള ഫോൺ നമ്പറും സഹിതമാണ് ഈ ഓട്ടോ ഇപ്പോൾ നഗരത്തിലൂടെ ഓടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News