ഫ്ലോറിഡ: ബർമുഡ ട്രയാംഗിളിൽ യാതൊരു നിഗൂഢതയും നിലനിൽക്കുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ രംഗത്ത്. ഇത്രയും നാൾ ഈ മേഖലയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന എല്ലാ രഹസ്യങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 70 വർഷങ്ങളായി ലോകത്ത് നിലനിന്നിരുന്ന ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയിലെ സിഡ്നി സർവകലാശാലയിലെ ശാസ്ത്രജ്ഞനായ കാൾ ക്രൂസെൽനിക്കിയാണ് ഇത്തരത്തിലുള്ള പ്രസ്താവനയുമായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഏകദേശം ത്രികോണാകൃതിയിലുള്ള പ്രദേശമാണ് ബർമുഡ ട്രയാംഗിൾ. ഹോഡു കടൽ, ഡെവിൽസ് (ചെകുത്താൻ) ട്രയാംഗിൾ, ലിംബോ ഒഫ് ദി ലോസ്റ്റ് എന്നൊക്കെ അറിയപ്പെടുന്ന ഈ പ്രദേശം ഏകദേശം 500,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടൽ മേഖലയാണ്.
ബർമുഡ മേഖലയിൽ നിന്ന് 50ഓളം കപ്പലുകളും 20 ഓളം വിമാനങ്ങളും അതിലെ മനുഷ്യരും ഇതിനോടകം തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. ഈ അപ്രത്യക്ഷപ്പെടലുകൾക്ക് ശാശ്വതമായ ഒരു കാരണം കണ്ടെത്താൻ ഇത് വരെ ശാസ്ത്രത്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ നിരവധി ഊഹാപോഹങ്ങളാണ് ഇതിനെ പറ്റി നിലനിന്നിരുന്നത്. അന്യഗ്രഹജീവികളോ, കടലിനടിയിലുള്ള നഷ്ടപ്പെട്ടുപോയ അറ്റ്ലാന്റിസ് നഗരത്തിൽ നിന്നുള്ള വസ്തുക്കളോ ആയിരിക്കാം ഈ കപ്പലുകളെയും വിമാനങ്ങളെയുമൊക്കെ അപകടപ്പെടുത്തിയതെന്നാണ് പലരും വിശ്വസിച്ചുപോന്നിരുന്നത്. ബർമുഡ ട്രയാംഗിൾ മേഖല ഈ ഭൂമിയിൽ നിന്ന് മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള വാതിലാണെന്ന് പോലും വിശ്വസിക്കുന്നവരുണ്ട്.
എന്നാൽ കാൾ ക്രൂസെൽനിക്കി ഇക്കാരണങ്ങളോടൊന്നും യോജിക്കുന്നില്ല. ഇവിടെ വച്ച് നടന്ന തിരോധാനങ്ങളൊന്നും അസാധാരണമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ മേഖലയിലെ മോശം കാലാവസ്ഥയും കപ്പിത്താനും പൈലറ്റിനുമൊക്കെ ഉണ്ടായേക്കാവുന്ന തെറ്റുകളുമാണ് കപ്പലുകളും വിമാനങ്ങളും ഇവിടെ വച്ച് അപ്രത്യക്ഷപ്പെടാൻ കാരണമാകുന്നതെന്നാണ് കാളിന്റെ പക്ഷം.
ഇത് ഭൂമദ്ധ്യരേഖയ്ക്കും ലോകത്തിന്റെ സമ്പമായ ഭാഗത്തിനും (അമേരിക്ക) സമീപമാണ്. അതിനാൽ ഇത് വളരെ തിരക്കേറിയ ഒരു മേഖല കൂടിയാണ്. ലോയിഡ് ഒഫ് ലണ്ടന്റെയും അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെയും കണക്കുകൾ അനുസരിച്ച് ബർമുഡ ട്രയാംഗിളിൽ വച്ച് കാണാതായ ആളുകളുടെ എണ്ണം ശതമാനാടിസ്ഥാനത്തിൽ ലോകത്തിൽ മറ്റ് ഭാഗങ്ങളിൽ വച്ച് കാണാതായവരുടെ എണ്ണത്തിന്റ അത്ര തന്നെയാണെന്നാണ് കാൾ പറയുന്നത്.
ബർമുഡ മേഖലയിൽ കാണാതായതിൽ വച്ച് ഏറ്റവും പ്രശസ്തമായ സംഭവമാണ് ഫ്ലേറ്റ് 19 ന്റേത്. ഫ്ലോറിഡയിലെ ഫോർട്ട് ലോർഡെയിലിൽ നിന്ന് 1945 ന് 14 ക്രൂ അംഗങ്ങളുമായി പറന്നുയർന്ന അഞ്ച് വിമാനങ്ങളുടെ ഗ്രൂപ്പാണ് ഫ്ലൈറ്റ് 19. ഇവയെല്ലാം തന്നെ അതേ ദിവസം അപ്രത്യക്ഷപ്പെട്ടു.
ഇവയുടെ ഒന്നിന്റെ പോലും യാതൊരു അവശിഷ്ടവും പിന്നീട് ലഭിച്ചില്ല. മാത്രമല്ല ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്ന ദൗത്യത്തിനായി പുറപ്പെട്ട പിബിഎം മറൈനർ ജലവിമാനവും അതിലെ 13 ജീവനക്കാരും ബർമുഡയിൽ വച്ച് അപ്രത്യക്ഷപ്പെട്ടു. ഇവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കും വ്യക്തമായ ധാരയില്ല. യഥാർത്ഥ കാരണങ്ങൾ ഇപ്പോഴും ഇരുട്ടിൽ തന്നെയാണ്.