ലണ്ടന്‍:അവസാന സെഷന്‍ വരെ ട്വന്റി 20 മത്സരത്തിന്റെ ആവേശം നിലനിര്‍ത്തിയ 2023 ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടായി. നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ചുറിയ്ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279. ഇംഗ്ലണ്ട്: 325, 327.
നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി വേണ്ടി മികച്ച തുടക്കമാണ് സ്‌റ്റോക്‌സും ബെന്‍ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 177-ല്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. എന്നാല്‍ ഈ നിര്‍ണായകമായ കൂട്ടുകെട്ട് ഹെയ്‌സല്‍വുഡ് പൊളിച്ചു. 83 റണ്‍സെടുത്ത ഡക്കറ്റിനെ ഹെയ്‌സല്‍വുഡ് അലക്‌സ് ക്യാരിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് പതറി. സ്റ്റോക്‌സിനൊപ്പം അഞ്ചാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഡക്കറ്റ് ക്രീസ് വിട്ടത്.
ഡക്കറ്റ് പോയശേഷം ആക്രമിച്ച് കളിച്ച സ്‌റ്റോക്‌സ് തകര്‍ത്തടിച്ചു. ഡക്കറ്റിന് പകരം വന്ന ജോണി ബെയര്‍സ്‌റ്റോ 10 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ റണ്‍ ഔട്ടായത് കളിയുടെ ഗതി മാറ്റിമറിച്ചു. ഇതോടെ ഓസ്‌ട്രേലിയ വിജയപ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ സ്റ്റോക്‌സ് അനായാസം ബാറ്റുചെയ്തു. പിന്നാലെവന്ന ബ്രോഡിനെ കൂട്ടുപിടിച്ച് താരം സെഞ്ചുറി തികച്ചു. ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചത്. അതില്‍ 93 റണ്‍സും സ്റ്റോക്‌സിന്റെതായിരുന്നു.
എന്നാല്‍ ടീം സ്‌കോര്‍ 301-ല്‍ നില്‍ക്കേ സ്‌റ്റോക്‌സ് പുറത്തായി. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ താരം ക്യാരിയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 214 പന്തുകളില്‍ നിന്ന് ഒന്‍പത് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 155 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു. പിന്നാലെ ബ്രോഡ് (11), ഒലി റോബിന്‍സണ്‍ (1), ജോഷ് ടങ് (19) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയ വിജയമാഘോഷിച്ചു.ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.