കൊച്ചി: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം തുറന്ന സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ കൊവിഡിന്റെ രണ്ടാം വരവില്‍ വീണ്ടും പ്രതിസന്ധിയില്‍. വിഷുക്കാലത്ത് കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയതോടെ നഷ്ടം നികത്താന്‍ ഒരുങ്ങിയിറങ്ങിയ തീയേറ്ററുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ തിരിച്ചടിയായി.തുറന്നിട്ട് മാസങ്ങളായെങ്കിലും സിനിമ തീയേറ്ററുകളിലെ ആളനക്കം ആരവമായിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ വിഷുച്ചിത്രങ്ങള്‍ നിറഞ്ഞോടി തുടങ്ങുമ്പോഴേക്കാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്.
നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്‍ണന്‍ എന്നിങ്ങനെ മികച്ച അഞ്ചോളം വിഷുച്ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകള്‍ കൂടിയതോടെ തീയേറ്ററുകളില്‍ കാണികള്‍ കുറഞ്ഞു. ഈ വിധം പോയാല്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ഉത്സവകാലം ഗുണപ്പെടാതെ പോകുമോയെന്ന ആശങ്കയിലാണ് തീയേറ്റര്‍ ഉടമകള്‍.
റംസാന്‍ നോമ്പ് തുടങ്ങിയതും തീയേറ്ററുകളെ തളര്‍ത്തും. മലബാര്‍ മേഖലയില്‍ ഭൂരിപക്ഷം തീയേറ്ററുകളും ഈ സമയത്ത് അടച്ചിടും. തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ചിത്രങ്ങള്‍ തീയേറ്ററിലെത്തിച്ചെങ്കിലും കൊവിഡും വേനല്‍ മഴയുമടക്കം കാണികളെ വിഷുക്കാലത്തും വീട്ടില്‍ത്തന്നെയിരുത്തുമോയെന്ന പേടിയിലാണ് തീയേറ്റര്‍ ഉടമകള്‍.