തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് അടുപ്പ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ചുടുകട്ടകള്‍ വിവിധ ഭവനപദ്ധതികള്‍ക്കായി ഉപയോഗിക്കും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയീടാക്കും. ലൈഫ് പദ്ധതിയിലടക്കം ഭവനനിര്‍മാണത്തിനായി കട്ടകള്‍ ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് മേയര്‍ വ്യക്തമാക്കി.
കട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയേഴ്‌സിനെ നിയോഗിക്കും. 14 തുറന്ന വാഹനങ്ങള്‍ ഇതിനായി ഏര്‍പ്പാട് ചെയ്യും. പൊങ്കാല കഴിഞ്ഞ് കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കണം. നല്ല ഉദ്ദേശത്തിന് വേണ്ടിയാണ് കട്ടകള്‍ ഉപയോഗിക്കുന്നതെന്നും ആറ്റുകാല്‍ പൊങ്കാല തയ്യാറെടുപ്പുകള്‍ അറിയിക്കാനായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അറിയിച്ചു.
പൊങ്കാലയ്ക്ക് ശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയതായി മേയര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെപ്പോലെ പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. നഗരസഭയുടെ ശുചീകരണതൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തിന് നേതൃത്വം നല്‍കും.
നഗരസഭാ കരാറുകാര്‍, ലോറി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍, കാറ്ററിങ് ഓണേഴ്‌സ് അസോസിയേഷന്‍, സര്‍വീസ് പ്രമോട്ടര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടക്കം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.