തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തിൽ രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മയിൽ, ശുചീകരണ തൊഴിലാളി ഷിജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവർക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരേയും നടപടിയെടുത്തത്.
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ അൽഫോൺസിയ എന്ന മത്സ്യത്തൊഴിലാളിയുടെ കൈയിൽ നിന്നും മത്സ്യം തട്ടിത്തെറിപ്പിച്ചു എന്നായിരുന്നു പരാതി. ഓഗസ്റ്റ് പത്തിനായിരുന്നു സംഭവം. ജീവനക്കാർ മത്സ്യം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപന പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റക്കാരായ ജീവനക്കാർക്കതിരേ നഗരസഭ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ ഇരുവർക്കും നഗരസഭ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ നഗരസഭാ കമ്മീഷന് പുറമേ പോലീസും കേസ് അന്വേഷിക്കുന്നുണ്ട്.