കൊച്ചി: തൃപ്പൂണിത്തുറയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇലക്ട്രീഷൻ പോലീസിന്‍റെ പിടിയിലായി. പെരുമ്പാവൂർ, അകനാട്, കീഴില്ലം ഗവൺമെന്‍റ് എൽപി സ്കൂളിന് സമീപം താമസിക്കുന്ന ശ്രീജിത്തിനെയാണ് ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
തൃപ്പൂണിത്തുറ എസ് എൽ ജംഗ്ഷന് സമീപമുള്ള ആയൂർവേദ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ ആശുപത്രിയിലെ ഇലക്ട്രീഷനാണ് ശ്രീജിത്ത്. നഴ്സ് ഭക്ഷണ ശേഷം വിശ്രമിക്കുമ്പോൾ നഴ്സിങ് സ്റ്റേഷനിലെത്തിയ ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് ലോക്ക് ചെയ്ത ശേഷം നഴ്സിനു നേരെ അതിക്രമം കാട്ടുകയായിരുന്നു.
നഴ്സിങ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്നും കുതറി മാറിയ നഴ്സ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രശ്നം വഷളാകുമെന്നു മനസിലായ പ്രതി വെള്ളിയാഴിച രാവിലെ ഹോസ്പിറ്റലിൽ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ തോക്കിന്‍റെയും വാളിന്‍റെയും ചിത്രങ്ങൾ കാണിച്ച് അതൊക്കെ തന്‍റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങൾ പുറത്തറിയിച്ചാൽ അതൊക്കെ ഉപയോഗിക്കേണ്ടി വരും എന്നു പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് നഴ്സ് വിവരം ഭർത്താവിനോട് പറയുകയും ഭർത്താവ് വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
പോലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തു നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച കാറും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റളും വാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർ വി. ഗോപകുമാറിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർ ജിമ്മി ജോസ്, അസ്സി സബ്ബ് ഇൻസ്പെക്ടർ സതീഷ് കുമാർ കെ.എസ്. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീനി.കെ.എസ്. തുടങ്ങിയവരുമുണ്ടായിരുന്നു.