തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം. തൊടുപുഴയിലാണ് സംഭവം. നിയമവിദ്യാര്‍ഥിനിയ്ക്കു നേരെയാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി ഷാജഹാനെ പോലീസ് പിടികൂടി.
പെണ്‍കുട്ടിയും ഷാജഹാനും ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഷാജഹാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതോടെ നിയമവിദ്യാര്‍ഥിനിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഷാജഹാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പെണ്‍കുട്ടിയും കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി.
എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഷാജഹാന്റെ പുതിയ പ്രണയം തകര്‍ന്നു. ഇതോടെ പഴയബന്ധം പുനഃസ്ഥാപിക്കാന്‍ ഷാജഹാന്‍ ശ്രമിച്ചു. എന്നാല്‍ നിയമവിദ്യാര്‍ഥിനി ഇതിന് വിസമ്മതിച്ചു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഷാജഹാന്‍ തൊടുപുഴ-വെങ്ങല്ലൂര്‍ ബൈപാസില്‍ എത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി താമസിക്കുന്ന മുറിയിലേക്ക് തനിക്കും വരണമെന്ന് ഷാജഹാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് സമ്മതിച്ചില്ല. ഇതിനിടെയാണ് ഷാജഹാന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ തട്ടിയെടുത്ത് ഓടുകയും ചെയ്തു. പെണ്‍കുട്ടി മറ്റാരുമായെങ്കിലും അടുപ്പത്തിലാണോ എന്ന് പരിശോധിക്കാനായിരുന്നു ഇത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഷാജഹാനെ ഫോര്‍ട്ട് കൊച്ചിയില്‍നിന്നാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്റ്റേഷനിലെത്തിച്ച ഷാജഹാനെ കോടതിയില്‍ ഹാജരാക്കുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.