കൊച്ചി:കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ പരാതിയിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജിന്റെ പരാതി ട്വന്റി 20യെ ഇല്ലാതാക്കാൻ വേണ്ടിയെന്നും അദ്ദേഹം ആരോപിച്ചു.
‘‘ട്വന്റി 20യുടെ വികസനപ്രവർത്തനങ്ങൾ ശ്രീനിജൻ സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നു. എൽഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണ്. എംഎൽഎ ആണെന്ന് കരുതി വൃത്തികേടുകൾ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല’’– അദ്ദേഹം പറഞ്ഞു. എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു എം.ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്. തൊട്ടുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക് ആണ് രണ്ടാം പ്രതി. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങൾ ഇറങ്ങിപ്പോയതാണ് പരാതിക്ക് കാരണം.
കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഓഗസ്റ്റ് 17 ന് കൃഷിദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് തന്നെ രേഖാമൂലം ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ തന്നെ അപമാനിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റും മറ്റാളുകളും വേദിവിട്ടിറങ്ങി സദസില്‍ ഇരുന്നു. താന്‍ പോയതിന് പിന്നാലെ ഇവര്‍ വേദിയിലെത്തിയെന്നും പി വി ശ്രീനിജന്‍ ആരോപിച്ചു. സാബു ജേക്കബ് തന്നെ ശത്രുവായി കാണണമെന്നും താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അവരുടെ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നതായും പി വി ശ്രീനിജന്‍ പറയുന്നു.