കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു. പത്തനംതിട്ട സീതത്തോട് സീതക്കുഴി പുത്തൻപറമ്പിൽ ബിനു (42) ആണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഇയാൾ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പോലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. അക്രമാസക്തനായ ഇയാൾ, ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. ഇതിനിടെ പ്രതി ആശുപത്രിയിൽനിന്നു രക്ഷപ്പെടുകയായിരുന്നു.
അതേസമയം പരാതി നൽകിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടർ ആരോപിച്ചു. കേസെടുത്ത ഗാന്ധിനഗർ പോലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു.