അട്ടപ്പാടി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി ഈ ചോദ്യമുന്നയിച്ചത്. സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ് ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റി.
ആരോഗ്യ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നൽകിയിരുന്നു. എന്നാൽ രഘുനാഥിനോട് തന്നെ തുടരാൻ ആവശ്യപ്പെട്ടതായി ഡി ജി പി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രഘുനാഥ് പറയുന്നത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. നാലു വർഷമായിട്ടും കേസിൻ്റെ വിചാരണ നടപടികൾ വൈകുന്നതിൽ മധുവിൻ്റെ കുടുബം കടുത്ത അതൃപ്തിയിലാണ്.
മുക്കാലി പൊട്ടിക്കൽ ഗുഹയിൽ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദനത്തിനും ഇരായായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീവ്, മണ്ണമ്പറ്റയിൽ ജെയ്ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മർദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവർഗ പീഡന നിരോധന നിയമവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.