കൊച്ചി: അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് രാജി വച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശൻ. കേസിൽനിന്നു പിൻമാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ സ്ഥിര നിക്ഷേപം നൽകി. ഒരു സഹോദരിക്ക് ജോലി നൽകി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. കാശ് എങ്ങനെ പോകുന്നുവെന്ന് അവർക്ക് അറിയില്ല. തർക്കം വന്നതോടെയാണു ഞാൻ കേസിൽനിന്ന് പിൻമാറുന്നത്. ഇക്കാര്യം കോടതിയെ അറിയിച്ചു.
കേസുമായി എനിക്ക് ബന്ധമൊന്നുമില്ലായിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിളിച്ച് സഹായം അഭ്യർഥിച്ചപ്പോളാണ് കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഫയൽ പഠിച്ചപ്പോൾ പല പാളിച്ചകളും കണ്ടു. കൊല്ലപ്പെട്ടയാൾക്കു പൂർണമായും നീതി ലഭിച്ചില്ലെന്നു തോന്നി. അഞ്ച് പേർക്കെങ്കിലും ജീവപര്യന്തം കിട്ടേണ്ടതായിരുന്നു. ആരെയും വെറുതെ വിടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല.
ബാർ കോഴക്കേസിൽ പണം വാങ്ങിയതിന്റെ എല്ലാ തെളിവും കൈവശമുണ്ട്. കെ.എം.മാണി മരിച്ചതോടെ കേസ് അവസാനിച്ചു. അതിനിടെ മുന്നണി മാറ്റമുണ്ടായി. കേസ് ഞാൻ അട്ടിമറിച്ചുവെന്ന ആരോപണം തെറ്റാണ്.
വർഷങ്ങളായി സിബിഐയ്ക്ക് വേണ്ടി കേസ് വാദിക്കുന്ന ആളാണ് ഞാൻ. വാദിച്ച കേസുകളിൽ ഒന്നിൽ പോലും സിബിഐയ്ക്ക് പരാജയം നേരിടേണ്ടി വന്നിട്ടില്ല’’– സതീശൻ പറഞ്ഞു.