ന്യൂയോര്‍ക്ക്: സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയില്ലാത്ത ഇന്റര്‍മിയാമി സാധാരണ ഇന്റര്‍മിയാമിയായി മാറി. യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ പരിക്കേറ്റ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ടീമിന് ഹൂസ്റ്റണ്‍ ഡൈനാമോയില്‍ നിന്നും 2-1 ന്റെ തോല്‍വി. മിയാമിയിലെ ഡിആര്‍വി പിഎന്‍കെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വന്‍ താരങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഹൂസ്റ്റണ്‍ ഇന്റര്‍മയാമിയെ തോല്‍പ്പിച്ചത്.
ഗ്രിഫിന്‍ ഡോര്‍സേയും പിന്നാലെ പെനാല്‍റ്റയില്‍ നിന്നും ആന്ദ്രേ ബസിതേനും നേടിയ ഗോളുകളിലായിരുന്നു ഹൂസ്റ്റന്റെ ജയം. മെസ്സിയും കുടുംബവും മുന്‍ റയല്‍മാഡ്രിഡ് പരിശീലകന്‍ സിനഡിന്‍ സിദാനും മുന്‍ ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമും കളി കാണാന്‍ സ്റ്റാന്റില്‍ ഉണ്ടായിരുന്നു. കളി തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മിയാമി ഒരു ഗോള്‍ മടക്കി.
കളി തീരാന്‍ 15 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ക്വിനോനസ് മിയാമിയുടെ വലയില്‍ ഒരിക്കല്‍ കൂടി പന്തെത്തിച്ചതാണ്. എന്നാല്‍ വാര്‍ പരിശോധനയില്‍ കൊളംബിയന്‍ താരം ഓഫ് സൈഡ് പൊസിഷനിലാണെന്ന് തെളിഞ്ഞു.
മസിലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മെസ്സിയെ ടീമില്‍ നിന്നും ഒഴിവാക്കിയത്. മെസ്സി ടീമില്‍ എത്തിയ ശേഷമാണ് ഇന്റര്‍മിയാമി തങ്ങളുടെ കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. പിന്നാലെ രണ്ടാമത്തെ ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്താനുമായി. എന്നാല്‍ താരത്തിന്റെ അഭാവം കളത്തില്‍ നിഴലിക്കുകയായിരുന്നു.