ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ അജ്ഞാതരായ അക്രമകാരികള്‍ പൊലീസ് ഔട്ട്പോസ്റ്റ് കത്തിക്കുകയും നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍. പുലര്‍ച്ചെ 12.30ഓടെ ബരാക് നദീതീരത്ത് ചോട്ടോബെക്ര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജിരി പോലീസ് ഔട്ട്പോസ്റ്റാണ് അക്രമിസംഘം അഗ്നിക്കിരയാക്കിയത്. ഇംഫാലില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയുള്ള മൊധുപൂര്‍ പ്രദേശമായ ലാംതായ് ഖുനൂവില്‍ രാത്രിയില്‍ തോക്കുധാരികള്‍ ഒന്നിലധികം ആക്രമണങ്ങള്‍ നടത്തി.
നിരവധി വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. കൂടുതലും ജിരിബാം ജില്ലയുടെ പുറം പ്രദേശങ്ങളില്‍ ആണ്. കൃത്യമായ എണ്ണം സ്ഥിരീകരിക്കാന്‍ കഴിയില്ല എന്ന് ജിരിബാം ആസ്ഥാനമായുള്ള ഒരു ജില്ലാ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മണിപ്പൂര്‍ പൊലീസിന്റെ ഒരു കമാന്‍ഡോ സംഘത്തെ ശനിയാഴ്ച രാവിലെ ഇംഫാലില്‍ നിന്ന് ജിരിബാമിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
അതിനിടെ ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപി അംഗോംച ബിമോള്‍ അകോയിജം ജിരിബാം ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ജിരിബാമിലെ ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിച്ചു എന്നും നഗരങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമല്ല ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും സുരക്ഷ നല്‍കണം എന്ന് അംഗോംച ബിമോള്‍ അകോയിജം പത്രസമ്മേളനത്തില്‍ പറഞ്ഞു.
അക്രമികള്‍ ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 239 ഓളം പേരെ (ഭൂരിഭാഗം സ്ത്രീകളും കുട്ടികളും) ജിരിബാം ജില്ലയിലെ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയും ജിരി ടൗണിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പാര്‍പ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂണ്‍ 6 ന് ഒരു സമുദായത്തില്‍പ്പെട്ട 59 കാരനെ ഇതര സമുദായത്തില്‍പ്പെട്ട അക്രമികള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജിരിബാം ജില്ലാ ഭരണകൂടം ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
ഇതോടെ പൊതുവെ ശാന്തമായ ജില്ലയിലും വംശീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയാണ്. മെയ്തികള്‍, മുസ്ലിങ്ങള്‍, നാഗകള്‍, കുക്കികള്‍, മണിപ്പൂരികള്‍ അല്ലാത്തവര്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന വംശീയ ഘടനയുള്ള ജിരിബാമില്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മണിപ്പൂരില്‍ ഉണ്ടായരൂക്ഷമായ വംശീയ കലാപം ബാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ മെയ്തി-കുക്കി സംഘര്‍ഷത്തില്‍ 200 ലധികം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.