ഗാസ: വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരായ രോഷം കടുക്കുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്റെ ആവശ്യം നെതന്യാഹു തള്ളുകകൂടി ചെയ്തതോടെയാണ് ആഗോള രംഗത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായത്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും കഴിഞ്ഞദിവസത്തെ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുള്ള ആക്രമണത്തെ അപലപിച്ചു.
ഗാസയില്‍ ഇന്‍ര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചതായി പലസ്തീനിയന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി (പാല്‍ടെല്‍) അറിയിച്ചു. ഇതോടെ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തില്‍ ഉഴലുന്ന ഗാസ കടുത്ത പ്രതിസന്ധിയിലായി.
ആരോഗ്യമേഖലയിലും കടുത്ത പ്രശ്നങ്ങളാണ് നേരിടുന്നത്. അല്‍-ഷിഫ, ഇന്‍ഡോനേഷ്യന്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി നിലയ്ക്കുമെന്ന് പലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ നിരവധി പേരെ റാഫ അതിര്‍ത്തിവഴി ഈജിപ്തിലെ ആശുപത്രികളില്‍ ചികിത്സ തേടാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജോര്‍ദാര്‍ രാജാവ് കിങ് അബ്ദുള്ള രണ്ടാമനുമായി ഫോണില്‍ സംസാരിച്ചു. ഗാസയില്‍നിന്ന് പലസ്തീനികളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തി.
ഇതിനിടെ, ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. അഭയാർഥി ക്യാമ്പിനു നേർക്ക് നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ഗാസയിലെഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നായ ജബാലിയയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 50-ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് ഗാസ ആരോഗ്യമന്ത്രാലായം പ്രസ്താവനയില്‍ അറിയിച്ചത്. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
2023 ജൂലായ് വരെ യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ജബാലിയ ക്യാമ്പില്‍ 116,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 കെട്ടിടങ്ങളിലായി 26 ഓളം സ്‌കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍, ഒരു ലൈബ്രറി, ഏഴ് കിണറുകള്‍ ഏന്നിവ 1.4 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ക്യാമ്പ്.
ഇതിനിടെ, ഗാസയില്‍ വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരാകരിച്ചു. അതിനുപിന്നാലെ തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍സേന ഹമാസുമായി ഏറ്റുമുട്ടി. തെക്കന്‍ ഗാസയിലും ഏറ്റുമുട്ടലുണ്ടായെന്ന് ഹമാസ് പറഞ്ഞു. ഹമാസിന്റെ 300 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് സൈന്യം അറിയിച്ചു. കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്.
കരയുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരമായ ഗാസ സിറ്റി ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞു. ഹമാസിന്റെ പിടിയില്‍നിന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം മോചിപ്പിച്ച 19 വയസ്സുള്ള പട്ടാളക്കാരി ഒറി മെഗിദിഷ് ഭാവി ആക്രമണങ്ങള്‍ക്കു സഹായിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്ന് സൈനികവക്താവ് ജൊനാഥാന്‍ കോര്‍ണിക്കസ് പറഞ്ഞു. ഗാസയിലുള്ള 238 ബന്ദികളെയും ഇസ്രയേല്‍ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചവരെ 8525 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 3542 പേരും കുട്ടികളാണ്. മരിച്ചവരില്‍ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍. ഏജന്‍സി പറഞ്ഞു. മൂന്നാഴ്ചകൊണ്ട് എട്ടുലക്ഷത്തോളംപേര്‍ വടക്കന്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോയെന്നാണ് കണക്ക്. എന്നാല്‍, ഗാസ സിറ്റി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പതിനായിരങ്ങള്‍ ഇപ്പോഴുമുണ്ട്.