കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞു, വീണത് പെട്രോൾ പമ്പിൽ;പൊട്ടാഞ്ഞതിനാല്‍ ഒഴിവായത് വന്‍ ദുരന്തം, ആട് ഷമീറും കൂട്ടാളികളും കസ്റ്റഡിയില്‍

കോഴിക്കോട്: കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം ഉൾപ്പെടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം.

കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഷമീറിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാഹസികമായാണു പ്രതികളെ പിടികൂടിയത്. ഇതിനിടയിൽ 3 പൊലീസുകാർക്ക് പരുക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News