ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.
ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രയ്ക്ക് പരിചിതമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയിലും അദ്ദേഹം സുപ്രസിദ്ധനായി. നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനെതുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിൃ. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയിലെ നടപടികള്‍ക്ക് ശേഷം 2018ലാണ് ജയില്‍ മോചിതനായത്.
ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ബാധ്യതകള്‍ തീരാത്തതിനാല്‍ യുഎഇയില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാല്‍ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂര്‍ത്തീകരിക്കാനായില്ല.
അക്ഷരാര്‍ത്ഥത്തില്‍ തന്നെ സംഭവബഹുലമായ ജീവിതമായിരുന്നു അറ്റ്‍ലസ് രാമചന്ദ്രന്‍ എന്ന എം.എം രാമചന്ദ്രന്റേത്. ഒരു കാലത്ത് യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 47 ജ്വല്ലറികളുണ്ടായിരുന്ന അറ്റ്‍ലസ് രാമചന്ദ്രന്‍ തന്റെ ഒരു ഷോറൂമെങ്കിലും വീണ്ടും തുറക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് മടങ്ങിയത്.
കുവൈത്തിലാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ സ്വര്‍ണവ്യാപാരം തുടങ്ങിയത്. അവിടെ വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കിയെങ്കിലും ഗൾഫ് യുദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാല്‍ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന അദ്ദേഹം യുഎഇയിൽ എത്തി അവിടെ എല്ലാം ആദ്യം മുതല്‍ തുടങ്ങി. പിന്നീടാണ് അവിടെയും പ്രതിസന്ധികളുണ്ടായത്. കേസും ബാധ്യതകളും കാരണം അടച്ചുപൂട്ടേണ്ടി വന്ന അറ്റ്‍ലസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാനും ബിസിനസ് രംഗത്ത് വീണ്ടും സജീവമാവാനുമുള്ള ശ്രമം രാമചന്ദ്രന്‍ തുടങ്ങിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിട്ടേ ഭൂമിയില്‍ നിന്ന് യാത്രയാകൂ എന്ന് ഒരു മാസം മുമ്പും അദ്ദേഹം പറഞ്ഞിരുന്നതായി അടുപ്പമുണ്ടായിരുന്ന ചിലര്‍ അനുസ്‍മരിച്ചു.
കേസിന്റെ നടപടിക്രമങ്ങളെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം ബാക്കിവെച്ചു കൂടിയാണ് അറ്റ്ലസ് രാമചന്ദ്രന്‍ മടങ്ങുന്നത്. പണം നല്‍കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായാണ് ജയില്‍ മോചിതനായത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലുമായിരുന്നു അദ്ദേഹം. ഇതിനായുള്ള ചര്‍ച്ചകളും പല ദിശകളില്‍ നടന്നുവന്നു. ആത്മകഥ എഴുതിക്കൂടേയെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ ഒരു ഷോറൂമെങ്കിലും തുറന്ന ശേഷം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.