കൊല്ലം: ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ അനുഭവിച്ച പീഡനങ്ങൾ തുറന്ന് പറഞ്ഞ അതുല്യയുടെ അമ്മ. അതുല്യ ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂരപീഡനം ആയിരുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ താങ്ങാനാകാതെ വന്നപ്പോൾ മകളോട് ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. വിവാഹ മോചത്തിന് ശ്രമിച്ചെങ്കിലും രണ്ടു കൗൺസിലിങിന് ശേഷം ഇരുവരും ഒത്തുതീർപ്പിന് ഒപ്പിടുകയായിരുന്നു. വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സതീഷ് വരികയും അതുല്യയെ കൂട്ടികൊണ്ടുപോകുകയുമായിരുന്നു. ഇതിനു ശേഷവും പീഡനങ്ങൾ തുടർന്നു.
കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച പറഞ്ഞാണ് അതുല്യ സ്വന്തം വീട്ടിലേക് തിരിച്ച് വരാൻ മടിച്ചത്. സംശയ രോഗിയായിരുന്ന സതീഷ് മകളെ ജോലിക്ക് പോകാനും സമ്മതിച്ചിരുന്നില്ല. വിവാഹബന്ധം വേർപെടുത്തിയാൽ സമാധാനമായി ജീവിക്കാൻ വിടില്ലെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സംഭവം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കുറ്റം ചെയ്തവർക് ശിക്ഷ കിട്ടണം, മകൾക്ക് നീതി കിട്ടണമെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
ഷാർജയിലെ ഇന്ത്യൻ അസോസിയേഷനിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും കുടുംബം സംഭവവിവരം അറിയിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തി പോലീസ് സതീഷിനു നേരെ കേസ് എടുത്തിട്ടുണ്ട്.
ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖറിനെ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയര്‍ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.


