കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുന്നു. കടുത്തരുത്തി കോതനല്ലൂര്‍ സ്വദേശി ആതിരയുടെ മരണത്തിലാണ് പ്രതിയായ അരുണ്‍ വിദ്യാധരനായി തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്.പ്രതിയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.
എ.എസ്.പി വൈക്കം :949 799 0262
എസ്.എച്ച്. ഓ കടുത്തുരുത്തി :949 798 7082
എസ്.ഐ കടുത്തുരുത്തി : 949 798 0322
കടുത്തുരുത്തി പോലീസ് സ്റ്റേഷൻ: 04829 282323.
ഇയാള്‍ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞദിവസം പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവില്‍ അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചില്‍ തുടരുന്നത്.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബുധനാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആതിര പരാതിനല്‍കിയ വിവരം പോലീസ് സ്‌റ്റേഷനില്‍നിന്ന് പ്രതിക്ക് ചോര്‍ത്തി നല്‍കിയെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
സ്റ്റേഷനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൈക്കം എ.എസ്.പി.യുടെ നേതൃത്വത്തില്‍ കൂടൂതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പോലീസ് മര്‍ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചെന്നും ആരോപണമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി.
അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്. അരുൺ വിദ്യാധരൻ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ് പറഞ്ഞിരുന്നു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു. പോലീസ് നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ഉപരോധിക്കും.
സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി 26കാരിയായ ആതിരയാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ്റെ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അരുൺ വിദ്യാധരന് എതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തിരുന്നു.
ആതിരയും അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതിന് പിന്നാലെയാണ് ആതിരയ്ക്കെതിരെ അരുൺ സൈബർ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റ് അടക്കമുള്ള വിവരങ്ങൾ അരുൺ പുറത്തുവിട്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആതിരയ്ക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങിയപ്പോൾ ആതിരയുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങൾ അരുൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.