ഭൂമിക്കുനേരെ പടുകൂറ്റൻ ഛിന്നഗ്രഹം, വേഗത മണിക്കൂറിൽ 65,215 കി.മീ; മുന്നറിയിപ്പുമായി നാസ
സാന്‍ഫ്രാസിസ്‌കോ:ഭൂമിയെ ലക്ഷ്യമാക്കിവരുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമാണുള്ളത്. ഭൂമിയില്‍ ഇടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ് കണക്കാക്കുന്നത്.
തിങ്കളാഴ്ചയാണ് 2024 എം.ടി.1 ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയ്ക്ക് 15 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടിയോളം ദൂരമാണ് ഇത്. കേള്‍ക്കുമ്പോള്‍ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്ര തോതുകള്‍ വെച്ചുനോക്കിയാല്‍ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കാലിഫോര്‍ണിയയിലെ പസദീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് (ജെ.പി.എല്‍) ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്. ജെ.പി.എല്ലിന്റെ ഡാഷ്ബോര്‍ഡില്‍ ഛിന്നഗ്രഹത്തിന്റെ സ്ഥാനം, വേഗത, ഭൂമിയില്‍നിന്നുള്ള ദൂരം എന്നീവിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നുണ്ട്.
നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് ഒബ്സര്‍വേഷന്‍ പ്രോഗ്രാമാണ് 2024 എം.ടി.1 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളേയും ധൂമകേതുക്കളേയും കണ്ടെത്താനും പഠിക്കാനുമുള്ള നാസയുടെ പദ്ധതിയാണ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് ഒബ്സര്‍വേഷന്‍ പ്രോഗ്രാം. ഭൂമിയില്‍ സ്ഥാപിച്ച ടെലസ്‌കോപ്പുകളും റഡാര്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് നാസ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളേയും കണ്ടെത്തുന്നത്.
പല വലുപ്പത്തിലുള്ള 30,000-ഓളം ഛിന്നഗ്രഹങ്ങളെയാണ് ‘ഭൂമിയ്ക്ക് സമീപമുള്ള ബഹിരാകാശവസ്തുക്കള്‍’ (Near Earth Objects – NEOs) എന്ന് കണക്കാക്കിയിട്ടുള്ളത്. ഇവയില്‍ 850-ല്‍ ഏറെ ഛിന്നഗ്രഹങ്ങള്‍ ഒരു കിലോമീറ്ററിലേറെ വീതിയുള്ളവയാണ്. എന്നിരുന്നാലും അടുത്ത നൂറുവര്‍ഷത്തേക്ക് ഇവയില്‍ ഒന്നുപോലും ഭൂമിയ്ക്ക് ഭീഷണിയല്ല.
ഭൂമിയ്ക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുന്നതും ഭൂമിയ്ക്ക് സമീപമെത്തുന്നതുമായ ഛിന്നഗ്രഹങ്ങളെ നാസ കൃത്യമായി രേഖപ്പെടുത്തിവെക്കുന്നുണ്ട്. ഛിന്നഗ്രഹത്തിന്റെ പേര്, ഭൂമിയ്ക്ക് സമീപമെത്തുന്ന തീയതി, ഏകദേശ വലുപ്പം, ഭൂമിയില്‍നിന്ന് എത്ര അകലെയാണ് കടന്നുപോകുക എന്നീ വിവരങ്ങള്‍ നാസയുടെ ഡാഷ്ബോര്‍ഡില്‍ കാണാം. കൂടാതെ വിമാനം, വീട് പോലുള്ള പരിചിതവസ്തുക്കള്‍ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ വലുപ്പം സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകുന്നതരത്തില്‍ ചിത്രീകരിക്കുന്നുമുണ്ട്.