2008 GO20′ എന്ന ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഒരു സ്റ്റേഡിയത്തിന്റെ അല്ലെങ്കില്‍ താജ്മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പം വരുന്നതാണ് ഈ ഛിന്നഗ്രഹം. മണിക്കൂറില്‍ 18,000 മൈല്‍ വേഗതയിലാണ് ഇത് ഭൂമിയോട് അടുക്കുന്നതെന്ന് നാസ വ്യക്തമാക്കി.
ഛിന്നഗ്രഹം അപ്പോളോ ക്ലാസ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതിന്റെ സഞ്ചാര പാതയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വ്യക്തമാക്കി. ഭൂമിയുമായി വളരെ അടുത്തുവരുമെങ്കിലും 0.04 ആസ്‌ട്രോണമിക് യൂണിറ്റ് (3,718,232 മൈല്‍) അകലെയാണ് ഛിന്നഗ്രഹമുള്ളത്. ഭൂമിയില്‍ നിന്ന് ഏകദേശം 2,38,606 മൈല്‍ അകലെയാണ് ചന്ദ്രന്റെ സ്ഥാനം.
ഭൂമിയോട് വളരെ അടുത്തേക്ക് വരുന്നതിനാല്‍ സൗരയൂഥത്തില്‍ ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന ഭീഷണിയായേക്കാവുന്ന ‘നിയര്‍-എര്‍ത്ത് ഒബ്ജക്ട്’ കൂട്ടത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു വിധേനയും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസ പുറപ്പെടുവിക്കുന്ന വിവരങ്ങള്‍.
ഭൂമിയിലേക്ക് പതിച്ചേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന്‍ വലിയ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ചൈനീസ് ഗവേഷകര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന്‍ ഈ വര്‍ഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ യു.എസ്. ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.