ഷിരൂർ: അർജുൻ ഉണ്ടാകാനുള്ള സാധ്യത കരയിലാണെന്ന് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. പ്രദേശം മുഴുവൻ പരിശോധിക്കുക എന്നതാണ് തങ്ങളുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ സാധ്യമല്ലെന്നും ഇനിയും മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രക്കും അർജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് പറയാൻ കാരണം മൊബൈൽ രണ്ട് ദിവസം റിംഗ് ചെയ്തിരുന്നു എന്ന് പറയുന്നത് കാെണ്ടാണെന്നും രഞ്ജിത്ത് പറയുന്നു. വെള്ളത്തിൽ പോയില്ലെന്ന് ഉറപ്പിക്കാൻ കാരണം, അർജുന്റെ സഹോദരനോട് ചോദിച്ചിട്ടുണ്ട് മൊബൈൽ എത്ര തവണ റിംഗ് ചെയ്തിട്ടുണ്ടെന്ന് രണ്ട് ദിവസം റിംഗ് ചെയ്തിരുന്നുവെന്നാണ് പറയുന്നത്.
കോമൺസെൻസ് വെച്ച് ആലോചിക്കുക ഇവിടെ നിന്ന് വണ്ടി പാർക്ക് ചെയ്യുമ്പോൾ അറ്റ് ലീസ്റ്റ് ഹാൻഡ് ബ്രേക്ക് ഇടും. ആ വണ്ടി ഇടിച്ച് നിരങ്ങിയെ പോകുള്ളൂ. അതിനിടയിൽ വണ്ടി എങ്ങനെയാണെങ്കിലും ചില്ലെല്ലാം തകരും. എന്തായാലും അതിനകത്ത് വെള്ളം കയറും, മൊബൈൽ അപ്പോൾ തന്നെ ഡെഡ് ആവും പിന്നെ എങ്ങനെയാണ് ഇത്രയും ദിവസം റിംഗ് ആകുന്നത്, രഞ്ജിത്ത് ചോദിക്കുന്നു.
അതേ സമയം റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും ഇത്ര തിരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നുമാണ് കർണാടക റവന്യൂ മന്ത്രി പറഞ്ഞത്. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളുമെന്നും പറഞ്ഞിരുന്നു. ജി പി എസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തിരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നതെന്നും പറഞ്ഞിരുന്നു
കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ റോഡിലേക്ക് വീണ മണ്ണിനടിയിൽ ലോറി ഇല്ല എന്ന ഔദ്യോഗിക സ്ഥിരീകരണം നടത്താൻ സമയമായിട്ടില്ലെന്നും റോഡിലേക്ക് വീണ മണ്ണിൽ ഒരിക്കൽകൂടുി വിദഗ്ധർ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താൻ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക.
അതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.