തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു.
നാമനിർദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രമേ അനുവദിക്കൂവെന്ന് അദ്ദേഹം അറിയിച്ചു. പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ.
ഇത്തവണ ഓൺലൈൻ ആയി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി നൽകുന്നവർ അതു ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. തിരഞ്ഞെടുപ്പിന് സ്ഥാനാർഥി കെട്ടിവെക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ടാകും.
ഇത്തവണ 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇത്തരക്കാർക്ക് തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും.
തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12-ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാം.
ഇത്തരത്തിൽ തപാൽ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തിൽ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളിൽ ഇവ നൽകും. ടീമിൽ രണ്ടു പോളിംഗ് ഓഫീസർമാർ, ഒരു പോലീസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രാഫർ എന്നിവരുണ്ടാകും. ഇവർ ബാലറ്റ് നൽകാൻ പോകുന്ന സമയക്രമം സ്ഥാനാർഥികളെ മുൻകൂട്ടി അറിയിക്കും. ഇതുപ്രകാരം സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും സ്ഥലത്ത് എത്താനാകും.
വോട്ടെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും സമാധാനപരമായി നടത്താനുള്ള എല്ലാ പിന്തുണയും രാഷ്ട്രീയ കക്ഷികളോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കള്ളവോട്ട് തടയാൻ എല്ലാ സ്ഥലങ്ങളിലും പോളിംഗ് ഏജൻറുമാർ ഉണ്ടെന്ന് രാഷ്ട്രീയ കക്ഷികൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. വോട്ടിംഗിന് സാമൂഹ്യ അകലം പാലിക്കാൻ ആറടി അകലത്തിൽ ജനങ്ങളെ ക്രമീകരിച്ചുള്ള ക്യൂ ഒരുക്കണം.
നാമനിർദേശപത്രിക സമർപ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങളും സ്ഥാനാർഥികൾ സമർപ്പിക്കണം. ഇക്കാര്യങ്ങൾ മൂന്നുതവണ സ്ഥാനാർഥികൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം.
ഇത്തവണമുതൽ കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉൾപ്പെട്ട സ്ഥാനാർഥികളെയാണ് മൽസരിപ്പിക്കുന്നതെങ്കിൽ എന്തുകൊണ്ടു മറ്റ് സ്ഥാനാർഥിയെ കണ്ടുപിടിക്കാനായില്ല എന്ന വിശദീകരണം കൂടി രാഷ്ട്രീയകക്ഷികൾ നൽകേണ്ടിവരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പത്രിക സമർപ്പിക്കുന്നതിന് ഒപ്പം തന്നെ ഇതും സമർപ്പിക്കേണ്ടിവരും.
കോവിഡ് സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകൾ പ്രത്യേകമായി ഏർപ്പെടുത്തും. ഇത്തരത്തിൽ 15,730 അധിക ബൂത്തുകൾ വേണ്ടിവരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ജില്ലാ തലത്തിൽ ഓക്‌സിലറി ബൂത്തുകൾ വേണ്ടി വരുന്ന സ്ഥലങ്ങളിൽ ജില്ലാ കളക്ടർമാർ രാഷ്ട്രീയ കക്ഷികളുമായി ചർച്ച ചെയ്ത് നിലവിലുള്ള ബൂത്തുകളുടെ അടുത്തുതന്നെ ഓക്‌സിലറി ബൂത്തുകളും ഉറപ്പാക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച അഭിപ്രായവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തേടി. അദ്ദേഹത്തിന്റെ നിർദേശത്തോടെ പൊതുവിൽ അനുകൂലമായാണ് രാഷ്ട്രീയകക്ഷികൾ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം അഭിപ്രായം അറിയിക്കാൻ രാഷ്ട്രീയപാർട്ടികളോട് അദ്ദേഹം നിർദേശിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദേശങ്ങൾ രാഷ്ട്രീയകക്ഷികൾക്ക് നൽകി. രാഷ്ട്രീയപാർട്ടികൾക്ക് വോട്ടർപട്ടിക സംബന്ധിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പരാതികളും ഉണ്ടെങ്കിൽ രേഖാമൂലം നൽകാൻ അദ്ദേഹം നിർദേശിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം കേരളത്തിലെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.