കൊച്ചിയില്‍ അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; മാസം തികയാതെയുള്ള പ്രസവം വീട്ടില്‍ വച്ച്; പ്രസവമെടുത്തതും ഇതര സംസ്ഥാന തൊഴിലാളികള്‍; അന്വേഷണം

കൊച്ചി: വീട്ടില്‍ പ്രസവിച്ച നവജാത ശിശുക്കള്‍ മരിച്ചു. അസം സ്വദേശിനിയായ മജിത കാത്തൂണ്‍ (25) പ്രസവിച്ച ഇരട്ടക്കുട്ടികളാണ് മരിച്ചത്. മാസം തികയാതെയായിരുന്നു പ്രസവം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. പെരിങ്ങോല പോത്തിനാം പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു പ്രസവം. ഗര്‍ഭിണിയായി അഞ്ച് മാസം പിന്നിട്ടപ്പോള്‍ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മജിത പ്രസവിച്ചു.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചത്. സംഭവം അറിഞ്ഞ് പ്രദേശത്തെ ആശാ വര്‍ക്കറായ സുനിത കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ആണ്‍കുട്ടി മരിച്ചിരുന്നു. പെണ്‍കുട്ടിയെ വളരെ വേഗം തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 7.30 ന് മരണപ്പെട്ടു.

രണ്ട് ദിവസം മുന്‍പാണ് മാജിതയും ഭര്‍ത്താവ് അക്ബര്‍ അലിയും കണ്ണൂരില്‍ നിന്നും പെരിങ്ങാലയിലെത്തിയത്. പ്രസവമെടുത്തത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ തന്നെയുള്ളവരാണെന്നാണ് വിവരം. സംഭവത്തില്‍ അമ്പലമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാജിതയുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ല. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഈ മേഖലകളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വീടുകളില്‍ പ്രസവം നടക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് മാസം മുന്‍പ് ഇത്തരത്തില്‍ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് കൃത്യസമയത്ത് മാതാവിനെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടമുണ്ടായില്ല. ഇവരുടെ നാടുകളില്‍ നിന്നും എത്തിയ പ്രത്യേക പരിശീലനം നേടിയവരാണ് പ്രസവമെടുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News