ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ മൂന്നുദിവസം മുന്‍പ് കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. ജ്യോതിനഗർ സ്വദേശി ഹീരാലാലിന്റെ മകൻ അഭിനാഷ് ആണ് മരിച്ചത്. ജ്യോതിനഗറിൽനിന്ന് നാല് കിലോമീറ്റർ മാറി രാജ്ഗഢ് പ്രദേശത്ത് നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെടുത്തത്.
മാതാപിതാക്കൾ ഗുവാഹത്തി മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളും തുടർനടപടികളും നടന്നുവരികയാണ്.
വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു. മകന്‍ മുങ്ങിത്താഴുന്നത് കണ്ട ഹീരാലാൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കുട്ടിയെ കണ്ടെത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) മറ്റ് ഏജൻസികളും ഉൾപ്പെട്ട സംഘം മൂന്നു ദിവസമായി തിരച്ചിൽ നടത്തുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അപകടസ്ഥലം സന്ദർശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അസമിൽ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 58 ജീവനുകളാണ് പൊലിഞ്ഞത്. 23 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കച്ചാർ, കാമരൂപ്, ധുബ്രി, നാഗോൺ, ഗോൾപാറ, ബാർപേട്ട, ദിബ്രുഗഡ്, ബൊംഗൈഗാവ്, ലഖിംപൂർ, ജോർഹട്ട്, കൊക്രജാർ, കരിംഗഞ്ച്, ടിൻസുകിയ തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്.