ഇടുക്കി: ജീവനക്കാരോട് മോശമായി പെരുമാറിയ തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ വ്യാപക പരാതി. ദേവികുളം, ഇടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരേഷ് കുമാര്‍ ബന്‍സാലിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യാപക പരാതി ലഭിച്ചത്.
ജീവനക്കാരോട് മോശമായി പെരുമാറിയതിനൊപ്പം കേരളത്തെക്കുറിച്ച് മോശമായി പറഞ്ഞതായും ആരോപണമുണ്ട്. ജീവനക്കാരുടെ പണം ഉപയോഗിച്ച് ഭക്ഷണവും സുഗന്ധവ്യജ്ഞനവസ്തുക്കളും വാങ്ങി, എന്നാല്‍ ഒരു തവണ പോലും പണം തിരിച്ചുകൊടുക്കാന്‍ തയാറായില്ല. കൂടാതെ അവരോട് തന്റെ ഷൂ പോളിഷ് ചെയ്തുകൊടുക്കാനും ആവശ്യപ്പെട്ടു.
ദേവികുളം ആര്‍ഡിഒ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനോട് ജെല്‍ പേന വാങ്ങിക്കൊടുക്കാന്‍ നിര്‍ദേശിച്ചു. കേരളത്തെ പറ്റിയും മലയാള ഭാഷയെപ്പറ്റിയും മോശമായി സംസാരിക്കുകയും ഇവിടത്തെ ഭരണ- പ്രതിപക്ഷ കക്ഷികളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു. വിഡിയോ സര്‍വൈലന്‍സ് ടീമിന് അനുവദിച്ച വാഹനത്തില്‍ കുടുംബ സമേതം മധുരയ്ക്ക് പോയെന്നും പരാതിയില്‍ പറയുന്നു.
വിവിധ വകുപ്പുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പരാതിയുമായി എത്തിയത്. വ്യാപകമായി പരാതി ഉയര്‍ന്നതോടെ അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി.