തൊടുപുഴ : നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധിയോട് പ്രതികരിച്ച് നടന്‍ ആസിഫ് അലി. അതിജീവിതയ്‌ക്കൊപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടന്‍ വ്യക്തമാക്കി.
‘കോടതി വിധി സ്വീകരിക്കുന്നു. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് കോടതി നിന്ദയാകും. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു എന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. കോടതിക്ക് ശിക്ഷിക്കപ്പെടണം എന്ന് മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്.’-ആസിഫ് അലി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സിനിമാ സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ചും ആസിഫ് അലി പ്രതികരിച്ചു. ആരോപണവിധേയനായ സമയത്ത് അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ടെങ്കില്‍ ഇത്തരത്തിലുള്ള കോടതിവിധി വരുമ്പോള്‍ അതിനെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നല്ലേ എല്ലാ സംഘടനകളും ചെയ്യേണ്ടതെന്നും ആസിഫ് അലി വ്യക്തമാക്കി.
‘ഏകപക്ഷീയമായ തീരുമാനം ആര്‍ക്കെതിരേയും എടുത്തിട്ടില്ല. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നുള്ളതാണ്. ആര് ശിക്ഷിക്കപ്പെടണം എന്നല്ല. എന്റെ സഹപ്രവര്‍ത്തകയാണ്, വളരെ അടുത്ത സുഹൃത്താണ്. അവര്‍ക്ക് അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് എന്ത് പകരം കൊടുത്താലും മതിയാകില്ല. നീതി ലഭിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു.
പിന്നെ വിധിയില്‍ ഞാനൊരു അഭിപ്രായം പറഞ്ഞാല്‍ അത് കോടതി നിന്ദയായിപ്പോകും. കോടതി വിധിച്ചതിനെ പറ്റി ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ല. കോടതിക്ക് ശരിയെന്ന് തോന്നിയതാണ് കോടതി വിധിച്ചത്. അതിന് മേല്‍നടപടികളിലേക്ക് പോകുന്നുണ്ട്. അതിന്റെ കാര്യങ്ങള്‍ വഴിയേ അറിയാം.’-ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.


