ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ആറാം സ്വർണം, നേട്ടം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം വിഭാഗത്തില്‍

ഹാങ്ചൗ:ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ സ്വർണം നേടി ഇന്ത്യ. സരബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവർ ചേർന്ന് 1734 പോയിന്റ് നേടി ചൈനയെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിൽ, 1733 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തെത്തി വെള്ളിയും, 1730 പോയിന്റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തെത്തി വെങ്കലവും നേടി. നേരത്തേ, 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു.

വ്യക്തിഗത യോഗ്യതാ മത്സരത്തിൽ 580 പോയിന്റുമായി സരബ്ജോത്, 578 പോയിന്റുമായി അർജുൻ എന്നിവർ യഥാക്രമം അഞ്ച്, എട്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. 576 പോയിന്റുമായി ശിവ നർവാൾ 14-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണിലെ ഏഷ്യാഡിൽ ഇന്ത്യ നേടുന്ന 24 -ാമത്തെ മെഡലും ഷൂട്ടിങ്ങില്‍ നാലാമത്തെ സ്വർണ്ണ മെഡലുമാണ് ഇത്.

വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ ഇന്ത്യയുടെ നവോറെം റോഷിബിന ദേവി വെള്ളി മെഡൽ നേടി. ചൈനയുടെ വു സിയാവോവേയുമായുള്ള മത്സരത്തില്‍ 0 – 2 നാണ് ഇന്ത്യ വെള്ളി നേടിയത്. മണിപ്പൂർ സ്വദേശിനിയായ നവോറെം റോഷിബിന ദേവി, 2018 ല്‍ ജക്കാർത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News