FeaturedKeralaNews

റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ച ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഡ്രൈവര്‍ മരിച്ചു. റമീസിന്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിന്‍ (42) ആണ് മരിച്ചത് ഇന്നലെ വൈകിട്ടോടെ ചോര ഛര്‍ദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിക്കുകയും ഇന്ന് രാവിലെയോടെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു.

ആന്തരിക രക്തസ്രവമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അശ്വിന്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുകള്‍ പറയുന്നത്. അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രവമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടേയും നിഗമനം.

കഴിഞ്ഞ മാസമാണ് സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസിലെ മുഖ്യസാക്ഷിയായ റമീസ് വാഹനാപകടത്തില്‍ മരിക്കുന്നത്. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായിരുന്നു റമീസ്. കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ മുഖ്യസാക്ഷി കൂടിയായ റമീസിനോട് അടുത്ത ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇയാളുടെ അപകടം.

അര്‍ജുന്‍ ആയങ്കിയുടെ സ്വദേശമായ കപ്പക്കാട് വച്ച് അമിതവേഗത്തില്‍ ബൈക്കില്‍ എത്തിയ റമീസ് ഇടറോഡില്‍ നിന്നും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു കാറില്‍ പോയി ഇടിക്കുകയും തലയ്ക്ക് സാരമായി പരിക്കേറ്റ് മരണപ്പെടുകയുമായിരുന്നു. തളാപ്പ് സ്വദേശി അശ്വിനും ഇയാളുടെ ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. മുന്‍ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ ആഘാതത്തില്‍ അശ്വിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിച്ച് പോലീസ് റമീസുമായോ അര്‍ജജുന്‍ ആയങ്കിയുമായോ അശ്വിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അശ്വിന്‍ ബന്ധുക്കളേയും കൊണ്ട് ആശുപത്രിയില്‍ പോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായതെന്ന് വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചിരുന്നു.

റമീസിന്റെ അപകടമരണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തു. റമീസിന്റെ കാറിന് പിന്നല്‍ ബൈക്കിടിച്ചപ്പോള്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഹെല്‍മെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button