മുംബൈ : കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫാഡ്നാവിസ്, ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്ര ശേഖർ ഭവൻകുള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായം തുറക്കുകയാണെന്നായിരുന്നു രാഷ്ട്രീയ പ്രവേശനത്തിൽ അശോക് ചവാന്റെ പ്രതികരണം.
നാളെ ചവാൻ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പത്രിക നൽകുമെന്നാണ് സൂചന. മഹാരാഷ്ട്ര ഭോകാർ നിയോജക മണ്ഡലം എംഎൽഎയായ ചവാൻ മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായിരുന്നു. മിലിന്ദ് ദിയോറയ്ക്കും ബാബാ സിദ്ധിഖിയ്ക്കും പിന്നാലെ ഒരു മാസത്തിനിടെ പാർട്ടി വിടുന്ന പ്രമുഖ നേതാവാണ് അശോക് ചവാൻ.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ കോൺഗ്രസിനും പ്രതിപക്ഷ സംഖ്യത്തിനും തിരിച്ചടിയാവുകയാണ് ചവാന്റെ രാജി.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതൽ എംഎൽഎമാർ കോൺഗ്രസ് വിടുമെന്ന് ബിജെപി അവകാശപ്പെട്ടു.
എന്നാൽ ബിജെപിയുടെ അവകാശവാദം തള്ളിയ മഹാരാഷ്ട്രയുടെ ചുമതലയുളള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു. മുംബൈയിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് യോഗം.