KeralaNews

ദുരിതാശ്വാസ ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ സംഗീത നിശയില്‍ ഹൈബി ഈഡന്‍ എം.പിയുടെ ഓഫീസ് സൗജ്യ പാസ് വാങ്ങിയെന്ന് ആഷിഖ് അബുവിന്റെ വെളിപ്പെടുത്തല്‍,സന്ദീപ് വാര്യരുടെ വിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാര്‍ ഫണ്ടിലേക്ക് പണമടച്ച് ആഷിഖ് അബുവും കൂട്ടരും

കൊച്ചി: ദുരിതാശ്വാസ ധനസമാഹരണമടക്കം ലക്ഷ്യമിട്ട് സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ നടത്തിയ സംഗീത നിശയേക്കുറിച്ച് വലിയ ആരോപണങ്ങളാണ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്.ദുരിതാശ്വാസ നിധി സമാഹരണത്തിനായി നടത്തിയ പരിപാടിയില്‍ നിന്ന് പിരിച്ചെടുത്ത പണം സര്‍ക്കാരിലേക്ക് അടച്ചില്ലെന്നായിരുന്നു ആരോപണം. 22 ലക്ഷം രൂപ ചിലവഴിച്ച പരിപാടിയില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച വരുമാനം കേവലം ആറു ലക്ഷം രൂപ മാത്രമായതിനാലാണ് പണം അടയ്ക്കാന്‍ വൈകിയതെന്നായിരുന്നു സംഘാടകരുടെ വിശീദികരണം.തൊട്ടു പിന്നാലെ 622000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയും ചെയ്തു.

എന്നാല്‍ പരിപാടി തട്ടിപ്പാണെന്ന് എറണാകുളം എം.പി ഫേസ് ബുക്ക് പോസ്റ്റിട്ടു. ഇതിനു പിന്നാലെയാണ് പരിപാടിയില്‍ ഹൈബിയുടെ ഓഫീസ് സൗജന്യ പാസുകള്‍ ആവശ്യപ്പെട്ട വിവരം ആഷിഖ് അബു വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ..

എറണാകുളം എംപി
ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും.

താങ്കളുടെ അറിവിലേക്കായി ,
ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ.
ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണ്.
അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു ).
‘ കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ’ പ്രഖ്യാപനത്തിനായി,
കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്.
അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്.
ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷന്‍,RSC ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങള്‍ക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കള്‍ക്കറിയുന്നതാണല്ലോ. റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോര്‍ട്‌സ് സെന്ററിനോട് അഭ്യര്‍ത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വില്‍പ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം.
മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാല്‍ താങ്കള്‍ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.
എന്നാല്‍, സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത, പൂര്‍ണമായും ഫൌണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് ‘തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ‘ എന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂര്‍വ്വം

ആഷിഖ് അബു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button