കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അസന്‍സോള്‍ ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ അക്രമം. ബിജെപി സ്ഥാനാര്‍ത്ഥിയായ അഗ്‌നിമിത്ര പോളിന്റെ വാഹനമാണ് ഒരു സംഘം ആക്രമിച്ചത്. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
അസന്‍സോളിലെ ബറാബോണിയിലെ 175,176 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കവെ സംഘര്‍ഷമുണ്ടായത്. സ്ഥാനാര്‍ത്ഥി ബൂത്ത് വിട്ടു പോകണമെന്ന് ഒരുസംഘം ആളുകള്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള പ്രാദേശിക ബിജെപി നേതാവിന്റെ സാന്നിധ്യവും ഇവര്‍ ചോദ്യം ചെയ്തു. ഇതിനിടെ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തെ ഒരു സംഘം കല്ലും കുറുവടികളുമായി ആക്രമിക്കുകയായിരുന്നു.
ഇത് തടഞ്ഞ സുരക്ഷാ ഭടന്മാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മുളവടി കൊണ്ട് മര്‍ദ്ദിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഗ്‌നിമിത്ര പോള്‍ ആരോപിച്ചു. അക്രമം തടയാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്നും കാഴ്ചക്കാരായി നോക്കിനിന്നുവെന്നും ബിജെപി ആരോപിച്ചു.
ബിജെപിക്കെതിരെ ഉന്നയിക്കാന്‍ ഒരു വിഷയവുമില്ലാത്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മണ്ഡലത്തില്‍ ബിജെപി വിജയിക്കുമെന്നും അഗ്‌നിമിത്ര പോള്‍ അവകാശപ്പെട്ടു. ശത്രുഘ്നന്‍ സിന്‍ഹയാണ് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.