ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പോലീസ്-ഫയര്‍ഫോഴ്‌സ്-വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. എൻജിൻ തകരാറ് പരിഹരിച്ചതിന് ശേഷം ഇവരെ പിന്നീട് ചാലിയാർ പുഴയുടെ ഇക്കരയെത്തിച്ചു. രണ്ടുമണിക്കൂറോളമാണ് ഷൗക്കത്തും സംഘവും കുടുങ്ങിയത്.

To advertise here,

ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.

വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ഷൗക്കത്ത് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടും. രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുൻപായി ‌മാർത്തോമ കോളേജിലും ചുങ്കത്തറ മാർത്തോമ സ്കൂളിലും കൊണ്ടോട്ടിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ കാട്ടിൽ കുടുങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഈ പരിപാടികൾ മാറ്റിവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News