തിരുവനന്തപുരം: കെപിസിസി വിലക്ക് മറികടന്ന് പലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ച കോൺഗ്രസ് നേതാവ്
ആര്യാടൻ ഷൗക്കത്തിനെതിരായ നടപടിയിൽ തീരുമാനം അച്ചടക്ക സമിതിക്ക് വിട്ട് കെപിസിസി. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും. അതേസമയം, ഒരാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനു ഷൗക്കത്തിനു പാർട്ടി വിലക്കേർപ്പെടുത്തി. പാർട്ടി തീരുമാനം അനുസരിക്കുമെന്നാണ് ഷൗക്കത്തിന്റെ നിലപാട്.
ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്ന് കെപിസിസി നേതൃത്വം പറയുന്നു. വിശദീകരണം തൃപ്തികരമല്ല. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നുമാണ് കെപിസിസി നിലപാട്. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ വിശദീകരണം.
ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്. എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു. കെപിസിസി വിലക്ക് ലംഘിച്ചാണ് ആര്യാടൻ ഫൗണ്ടേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും. വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പരിപാടിക്കിടെ പ്രതികരിച്ചു. കെപിസിസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കൾ പിൻമാറിയെങ്കിലും സാമുദായിക നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും സമസ്ത പ്രതിനിധിയായി ഡോ മുഹമ്മദ് നദ് വിയും പരിപാടിക്ക് എത്തിയിരുന്നു.