'ഒരിഞ്ച് പിന്നോട്ടില്ല'; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആര്യ രാജേന്ദ്രന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്. തിരഞ്ഞെടുപ്പിലെ പരാജയവും ഇതിനുപിന്നാലെയുണ്ടായ പരോക്ഷവിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് ആര്യ രാജേന്ദ്രന്റെ വാട്‌സാപ്പ് സ്റ്റാറ്റസും ചര്‍ച്ചയാകുന്നത്.

ആര്യ രാജേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ചുള്ള മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബുവിന്റെ കുറിപ്പ് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ‘ഒരിഞ്ച് പിന്നോട്ടില്ല’ എന്ന കുറിപ്പോടെ ആര്യ രാജേന്ദ്രന്‍ ഞായറാഴ്ച വാട്‌സാപ്പ് സ്റ്റാറ്റസായി ഒരുചിത്രം പങ്കുവെച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മും എല്‍ഡിഎഫും പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഗായത്രി ബാബു ഫെയ്‌സ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് മുന്നണിയുടെ ജനകീയത ഇല്ലാതായി. കോര്‍പ്പറേഷന്‍ ജനങ്ങളോട് ഇഴുകിചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങിചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നു.

പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം, തന്നെ കാണാന്‍ പുറത്തുവന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ പ്രാദേശിക നേതാക്കളുടേയും സഖാക്കളുടേയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും ഗായത്രി ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയുംചെയ്തു.

അതേസമയം, ആര്യയ്‌ക്കെതിരേ പരോക്ഷ വിമര്‍ശനമുന്നയിച്ച ഗായത്രി ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് തള്ളിപ്പറഞ്ഞിരുന്നു. കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയണമെന്നും ഗായത്രിയുടെ പ്രതികരണം ഏകപക്ഷീയമായ മനസ്സിന്റെ വികാരം മാത്രമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും തോല്‍വി ആര്യയുടെ തലയില്‍ക്കെട്ടിവെക്കേണ്ടെന്നും മന്ത്രി ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News