ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിങ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ (ജഹാം വോട്ട്, വഹാം വാക്സിനേഷൻ) എന്ന പേരിലാണ് കാമ്പയിൻ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ഡൽഹിയിലെ വോട്ടിങ് ബൂത്ത് തലത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് പദ്ധതി. ഇതനുസരിച്ച് ജനങ്ങൾക്ക് അവരുടെ നിശ്ചിത പോളിങ് ബൂത്തിൽ എത്തി വാക്സിൻ സ്വീകരിക്കാനാകും. വൈകാതെ വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതിയും ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
അടുത്ത നാല് ആഴ്ചകൊണ്ട് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ 45 വയസ്സിന് മുകളിലുള്ള 57 ലക്ഷം പേരാണുള്ളത്. ഇതിൽ 27 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്കും രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കും ഇനി സ്വന്തം പോളിങ് ബൂത്തിലെത്തി വാക്സിൻ ഡോസ് സ്വീകരിക്കാമെന്നും കെജ്രിവാൾ പറഞ്ഞു.