ഡെല്‍റ്റ വകഭേദം ആല്‍ഫയെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നതായി ബ്രിട്ടന്‍
ലണ്ടൻ: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെൽറ്റ, ആൽഫ വകഭേദത്തെക്കാൾ 40 ശതമാനം വേഗത്തിൽ പടരുന്നതായി ബ്രിട്ടൻ. ഗവേഷകരുടെ ഏറ്റവുംപുതിയ കണ്ടെത്തലുകൾ ഇക്കാര്യം തെളിയിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. എന്നാൽ, രണ്ടു ഡോസ് വാക്സിൻ എടുക്കുന്നതിലൂടെ രണ്ടു വകഭേദങ്ങളെയും ചെറുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുഡോസ് വാക്സിൻ സ്വീകരിക്കുന്നത് ആൽഫ, ഡെൽറ്റ വകഭേദങ്ങളെ തടയാൻ ഫലപ്രദമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പഠനം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.ആൽഫ വ്യാപനത്തെത്തുടർന്ന് ജനുവരിയിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങൾ ജൂൺ 21-നു നീക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
എന്നാൽ, ഡെൽറ്റ വകഭേദം ഇതിനു തടസ്സം സൃഷ്ടിച്ചേക്കുമെന്ന ഭീതിയിലാണ് രാജ്യം. 2.7 കോടി പേർക്കാണ് ബ്രിട്ടനിൽ വാക്സിന്റെ രണ്ടുഡോസുകളും നൽകിയത്.നാലുകോടിയിലേറെപ്പേർ ഒരു ഡോസും സ്വീകരിച്ചു. 12 വയസ്സിനുമുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് സർക്കാർ വിദഗ്ധ ഉപദേശം തേടുകയാണെന്നും ഹാൻകോക്ക് വ്യക്തമാക്കി.