ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം. റോസ് അവന്യു സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേജ്രിവാള് രാവിലെ കോടതിയില്‍ ഹാജരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കാനിരിക്കെ കോടതി നടപടി ആം ആദ്മി പാര്‍ട്ടി ആശ്വാസകരമാണ്.
മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഏഴു തവണ കേജ്രിവാളിന് ഇ.ഡി നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഹാജാരാകാന്‍ അദ്ദേഹം തയാറായില്ല. ചോദ്യം ചെയ്യലിനു കേജ്രിവാള് ഹാജരാകാത്തതിനെതിരെ ഇ.ഡി കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ കേജ്രിവാള് ഇന്നു നേരിട്ടു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാള് നല്കിയ ഹര്‍ജി തള്ളിയതോടെയാണ് ഇന്നു കോടതിയില്‍ എത്തിയത്.
മദ്യനയ അഴിമതിക്കേസില്‍, ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തിരുന്നു. കവിതയുടെ വീട്ടിലെ റെയ്ഡിനൊടുവില്‍ വൈകിട്ടായിരുന്നു അറസ്റ്റ്. കവിതയെ ഡല്‍ഹിയിലെത്തിച്ചിരുന്നു. കേസില്‍ ജയിലിലുള്ള ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നല്കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളി.