ന്യൂഡല്‍ഹി: മദ്യനയ കേസില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ മൂന്നാമത്തെ ആളാണ് പാര്‍ട്ടി കണ്‍വീനറായ കെജ്‌രിവാള്‍.
മുന്‍പ്, 600 കോടിയുടെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജനുവരി 31-ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്‌തെങ്കിലും ഗവര്‍ണ്ണറുടെ മുന്നില്‍ രാജി സമര്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനായി കൊണ്ടുപോകുമ്പോള്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് മുന്നില്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, എ.ഐ.എ.ഡി.എം.കെ മുഖ്യ മന്ത്രിയായിരുന്ന ജയലളിത, ടി.ഡി.പി.യുടെ ചന്ദ്രബാബു നായിഡു, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവ് ഓം പ്രകാശ് ചൗട്ടാല തുടങ്ങിയവര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള നേതാക്കളാണ്.
അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍നിന്നു സംരക്ഷണംതേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ചോദ്യംചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമന്‍സിനും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. അറസ്റ്റിനെതിരെ രാത്രിതന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ ഈ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.