26.7 C
Kottayam
Monday, May 6, 2024

ഞങ്ങള്‍ എവിടെയാണോ, അങ്ങോട്ട് പോകുന്നു’; മുറിയിൽ മൂവരും ഒപ്പിട്ട കുറിപ്പ്,കൂട്ടമരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Must read

തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചല്‍ പോലീസ് നല്‍കുന്ന വിവരം. ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങള്‍ എവിടെയാണോ, അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പില്‍ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.

മൂവരെയും കൈഞരമ്പ് മുറിച്ചനിലയിലാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും അരുണാചല്‍ പോലീസ് പറഞ്ഞു.മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചനയുണ്ട്. ദമ്പതിമാരുടെ വിവാഹസര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായര്‍(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ജിറോയിലെ ബ്ലൂപൈന്‍ ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. മൂന്നു പേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു.

ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും അരുണാചല്‍ പോലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ അരുണാചല്‍ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ഇവിടെയെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു.

സംഭവത്തിൽ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ബന്ധുക്കൾക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനും ഒപ്പം പോയതാണെന്ന് മനസിലായത്.

മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല.

കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍റെ മകളാണ് ദേവി.

ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇറ്റാനഗര്‍ പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ മരണ വിവരം അറിഞ്ഞത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week