ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നിയാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് പ്രത്യേക അധികാരം. പോലീസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്കാണ് അധികാരം നല്‍കിയത്. ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് അധികാര കാലാവധി.
ദേശീയ സുരക്ഷാ കമ്മീഷന് കീഴിലുള്ള കസ്റ്റഡി അതോറിറ്റിയായാണ് പോലീസ് കമ്മീഷണറെ നിയമിച്ചത്. താത്കാലികമായാണ് അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാന്‍ നല്‍കിയിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് നടപടി.
സ്വാതന്ത്ര്യ ദിനം അടുത്തുവരുന്നതും പരിഗണിച്ചിട്ടുണ്ട്. ജന്തര്‍ മന്ദിറില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇത് സാധാരണ നടപടി ക്രമമാണെന്ന് പോലീസ് അറിയിച്ചു. കര്‍ഷക പ്രക്ഷോഭത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ജമ്മു കശ്മീരില്‍ സൈനികന് വീരമൃത്യു വരിച്ചു. കൃഷ്ണ വൈദ്യയാണ് മരണമടഞ്ഞത്. കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു അപകടം. ഭീകരര്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തെരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്തമാക്കിയത്. രണ്ട് ദിവസമായി സുരക്ഷാ സേന തെരച്ചില്‍ ശക്തമാക്കിയിരുന്നു.
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.